വർഷത്തിൽ എല്ലാ കാലാവസ്ഥയിലും വളർത്താവുന്ന ഒരു പച്ചക്കറി യാണ് വഴുതന. Solanaceae കുടുംബത്തിൽ പെട്ട വഴുതനയുടെ scientific name, Solanum Melongena എന്നാണ്. ഇംഗ്ലീഷിൽ Brinjal, Eggplant, Aubergine, എന്നീ പേരുകളിൽ അറിയപ്പെടുന്നു.
ഇന്ത്യയിൽ ധാരാളമായി ഉൽപ്പാദിപ്പിക്കുന്ന വഴുതന അതിൻറെ വ്യത്യസ്‌തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. India കൂടാതെ Pakistan, China, Bangladesh, Philippines, എന്നീ രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പച്ചക്കറി യൂറോപ്യൻ ഭക്ഷണ സംസ്കാരത്തിലും സർവ്വപ്രിയനാണ്.
‘പാവങ്ങളുടെ തക്കാളി’ എന്നു കൂടി അറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവിൽ ആദായകരമായ കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ്. ഇന്ത്യയിലാണ് ഇവ ആദ്യമായി കൃഷി ചെയ്തിരുന്നത്. ഇപ്പോൾ മിക്ക ഉഷ്‌ണമേഖല പ്രദേശത്തും വളരുന്നു.
കൃഷിരീതി
വിത്ത് പാകി കിളിർപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് വഴുതന കൃഷിയുടെ രീതി. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 400-500 gm വിത്ത് വേണ്ടിവരും. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കുകയും 40-45 ദിവസം കൊണ്ട് തൈകൾ മാറ്റി നടാം.
ടെറസ്സിലെ ഗ്രോ ബാഗ്/ചെടിച്ചട്ടി അല്ലെങ്കിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക.
നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളച്ചിളക്കി കല്ലും കട്ടയും നീക്കം ചെയ്യണം. അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, എന്നിവ ചേർക്കണം.
സസ്യസംരക്ഷണം / കീടങ്ങള്‍
1. വഴുതനയിലെ തണ്ട് / കായ് തുരപ്പന്‍ പുഴു
വെളുത്ത ചിറകില്‍ തവിട്ടു നിറത്തിലെ പുളളിയോടു കൂടിയ ശലഭത്തിന്റെ പുഴുക്കള്‍ തണ്ടും കായും ആക്രമിക്കുന്നു. ഇളം തണ്ടിലും കായിലും, പുഴു തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കും. തണ്ടുകള്‍ വാടിക്കരിയുന്നു. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.
നിയന്ത്രണമാര്‍ഗം
തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക. കേടായ ഭാഗം മുറിച്ചു മാറ്റി നശിപ്പിക്കുക. കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ 5% വേപ്പിന്‍ കുരു സത്ത തളിക്കുക.
2. എപ്പിലോക്‌ന വണ്ട്
തവിട്ടു നിറത്തില്‍ കറുത്ത പുളളിയുളള വണ്ടുകള്‍, മഞ്ഞ നിറമുളള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണാം. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നും. ഇലകള്‍ ഉണങ്ങി കരിയും. രൂക്ഷമാകുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ ബാധിക്കും.
നിയന്ത്രണമാര്‍ഗം
1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
2. ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധിദശ എന്നിവ ശേഖരിച്ച് സുഷിരങ്ങളുളള പോളിത്തീന്‍ കൂട്ടില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു പുറത്തു വരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
3. വേപ്പിന്‍ കുരു സത്ത് 5%, പെരുവലം സത്ത് 10% തളിക്കുക.
നീരൂറ്റി കീടങ്ങള്‍
മീലിമൂട്ട, റേന്ത്രപത്രി, മുഞ്ഞ എന്നിവ ഇലകളുടെ അടിയില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിച്ച് നശിപ്പിക്കും. മീലിമൂട്ട മറ്റു സസ്യഭാഗങ്ങളും ആക്രമിക്കും.
നിയന്ത്രണമാര്‍ഗ്ഗം
1. ആരംഭ ദശയില്‍ ഇവ കൂടുതലുന്ന ഇലകള്‍ നശിപ്പിക്കുക.
2. വേപ്പെണ്ണ + വെളുത്തുളളി 2% (അല്ലെങ്കില്‍ വേപ്പെണ്ണ 3%) എമല്‍ഷന്‍ തളിക്കുക.
വഴുതനയിലെ രോഗങ്ങള്‍
1. കുറ്റില രോഗം
ഇലകള്‍ കുറ്റികളായി മാറും. മൊട്ടുകള്‍ തമ്മിലുളള ഇടയകലം കുറഞ്ഞ് ചെടികളുടെ വളര്‍ച്ച മുരടിക്കും. കായ്പിടിത്തം നിലയ്ക്കും.
നിയന്ത്രണം
1. രോഗം വന്ന ചെടി പിഴുത് നശിപ്പിക്കുക.
2. രോഗവാഹകരായ ജാസിഡുകളെ വെളുത്തുളളി – വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് നിയന്ത്രിക്കുക.
വിളവെടുപ്പ്
ചെടി നട്ട് 55-60 ദിവസത്തിൽ വിളവെടുക്കാൻ തുടങ്ങാം. ഏതാണ്ട് അഞ്ചു ദിവസം ഇടവിട്ടു വിളവെടുപ്പ് തുടങ്ങാം. പ്രധാന വിളവെടുപ്പ് കഴിഞ്ഞാൽ ചെടി ചിവട്ടിൽ നിന്ന് അൽപം ഉയർത്തി മുറിച്ച് മാറ്റി കുറ്റിയാക്കി നിർത്തണം.
വീണ്ടും നല്ല വെള്ളവും വളവും നൽകി അടുത്ത വിളവിനായി ചെടികൾ രൂപപെടുത്തിയെടുക്കാം.