കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.
കേരളചരിത്രം
സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ചരിത്രമനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അസുരനും -ദ്രാവിഡനും -തദ്ദേശിയനും -ബൗദ്ധനും ആയ ഭരണാധികാരിക്ക മേൽ ഇന്ദ്രൻ അഥവാ ചാതുർവർണ്യം നേടിയ വിജയം എന്നാണ് ഇതിൽ നിന്നും കാണാൻ കഴിയുക. മാവേലി നാടു വാണിടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ എന്നു പാടി വന്നിരുന്നതിനു കാരണം, ചാതുർ വർണ്യം മനുഷ്യരെ പലതാക്കിത്തിരിച്ചിരുന്നു എന്നാണ്.
കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും, എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്.
സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായിയാണ് പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചുകൊണ്ട് ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്.
ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം. അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാമെന്ന് ചരിത്രകാരനായ സോമൻ ഇലവംമൂട് സമർത്ഥിക്കുന്നു.
മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന ‘മധുരൈ കാഞ്ചി’യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന ‘മാങ്കുടി മരുതനാർ’ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം.
മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ ‘ഓണസദ്യയും’ പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ ‘തിരുമൊഴി’ എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
ഐതിഹ്യങ്ങൾ
മഹാബലി
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
പരശുരാമൻ
പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്.
ശ്രീബുദ്ധൻ
സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
സമുദ്രഗുപതൻ-മന്ഥരാജാവ്
ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു.
ഓണാഘോഷങ്ങൾ
കലിയനു വെക്കൽ
കർക്കിടമാസത്തിൽ ആചരിക്കുന്ന ഒരൂ ചടങ്ങാണിത്. ഇതോടെയാണ് ഓണച്ചടങ്ങുകൾ ആരംഭിക്കുന്നത്. കർക്കടകത്തിന്റെ അധിപനാണ് കലിയനെന്നാണ് വിശ്വാസം. കലിയൻ കോപിച്ചാൽ കർക്കിടകം കലങ്ങുമെന്നും പ്രീതിപ്പെട്ടാൽ സർവ്വൈശ്വര്യങ്ങളും വരുമെന്ന് കരുതിപ്പോരുന്നു. പ്രിയപ്പെട്ടതെന്നു തോന്നുന്ന ആഹാരം കലിയനെ സ്മരിച്ച് ഒരു ചിരട്ടയിൽ പ്‌ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട് കാള നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും. ‘കലിയനോ കലിയൻ… കനിയണേ ഭഗവൻ’ എന്നിങ്ങനെ ഉച്ചത്തിൽ വിളിക്കുന്നു.
പൂക്കളം
ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. മുറ്റത്ത് ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
തിരുവോണനാളിലെ ചടങ്ങുകൾ
അരിമാവ് കൊണ്ട് കോലമിടുന്നത് ഓണത്തിൻ്റെ ഒരു ആചാരമാണ്
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് ‘തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. വാമനനെയാണ് ഇവിടെ പൂജിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
തൃക്കാക്കരയപ്പൻ
തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് ക്ഷേത്രങ്ങളിലേക്കാണ് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.
ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.
ഓണസദ്യ
ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് എന്നീ ഉപ്പേരികള്‍ക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. ഓരോ ദേശത്തിന് അനുസരിച്ചും സദ്യവട്ടത്തില്‍ വിത്യാസങ്ങള്‍ ഉണ്ടാകും.
ഓണപ്പാട്ടുകൾ
1 . പൂവിളി പൂവിളി പൊന്നോണമായി…..
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി (2)
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)
പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം (2)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)
മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍ (2)
തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി (2)
പൂക്കളം പാടീടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)
2 . മാവേലി നാട് വാണീടും കാലം…
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല’
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം..
ഓണച്ചൊല്ലുകൾ
1. ഓണത്തിനടിയിൽ പുട്ട് കച്ചവടം
2.അത്തം കറുത്താൽ ഓണം വെളുക്കും.
3. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
4. ഉള്ളതുകൊണ്ട് ഓണം പോലെ.
5. ഓണം വരാനൊരു മൂലം വേണം.
6. കാണം വിറ്റും ഓണം ഉണ്ണണം.
7.ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പര.
8.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
9.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
10.ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
11.ഓണത്തേക്കാൾ വലിയ വാവില്ല.
12.തിരുവോണം തിരുതകൃതി.
13.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
14.അത്തം പത്തോണം.
15.ഓണം കേറാമൂല.
ഓണക്കളികൾ
പുലിക്കളി
ഓണക്കളികളില്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് പുലിക്കളി. നാലാം ഓണനാളിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂരിന്റെ പുലിക്കളിയാണ് പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലിക്കളി അരങ്ങേറാറുണ്ട്. പുലിയുടെ വേഷവും ചായവും പുരട്ടി നിശ്ചിത താളമില്ലാതെ നൃത്തം ചവിട്ടുകയും കോമാളിക്കളികള്‍ കളിക്കുകയും ചെയ്യുന്നതാണ് ഈ വിനോദം.
ഓണപ്പൊട്ടന്‍
ആചാരമായി കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതീഹ്യം. മുന്നൂറ്റാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് വീടിലെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വെയ്ക്കുന്ന ഓണപ്പൊട്ടന്‍ വീടുകളില്‍ നിന്ന് ഓണക്കോടിയും ഭക്ഷണവും സ്വീകരിക്കുന്നു.
കൈ കൊട്ടിക്കളി
തിരുവാതിരക്കളിയോട് സാമ്യമുള്ള നൃത്തരൂപമാണ് കൈകൊട്ടിക്കളി. കേരളീയ വസ്ത്രമായ മുണ്ടും നേര്യതും ധരിച്ച വനിതകള്‍ പാട്ട്പാടി പ്രത്യേക താളത്തില്‍ കയ്യടിച്ച് വട്ടത്തില്‍ ചുവട് വെച്ച് കളിക്കുന്നു.
കുമ്മാട്ടിക്കളി
ഓണാഘോഷത്തിന്റെ ഭാഗമായി വരുന്ന ഒരു കളിയാണ് കുമ്മാട്ടിക്കളി. കുമ്മാട്ടിപ്പുല്‍ ദേഹത്ത് വെച്ച് കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍, തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
ഓണത്തല്ല്
കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായിക വിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്.
ഓണം തുള്ളല്‍
വേല സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപമായതിനാല്‍ വേലന്‍ തുള്ളല്‍ എന്ന് കൂടെ അറിയപ്പെടുന്നുണ്ട്. ഉത്രാടനാളിലാണ് ഈ കളി തുടങ്ങുന്നത്. കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഒരു പുരുഷൻ, ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക.
ഓട്ടുകിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ആട്ടക്കളം കുത്തല്‍
പഴയകാലത്തെ പ്രധാന ഓണക്കളികളില്‍ ഒന്നാണിത്. മുറ്റത്ത് കോലുകൊണ്ട് ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികള്‍ എല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിന് പുറത്തും ഒന്നോ രണ്ടോ ആളുകളും ഒരു നായകനും ഉണ്ടാകും. പുറത്ത് നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച വലിച്ച് വൃത്തത്തിന് പുറത്ത് കൊണ്ട് വരികയോ വേണം. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊട്ടാല്‍ അകത്ത് നില്‍ക്കുന്നവര്‍ക്ക് പുറത്ത് നിന്നയാളെ അടിക്കാം. ഒരാളെ പുറത്ത് കടത്തിയാല്‍ പിന്നീട് അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരെയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു.
🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയിപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇
https://chat.whatsapp.com/F871iE4nLlS1Qq14jTXKPT