ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.
വേനല്‍ കടുക്കുന്നതോടെ ജലം എന്നത് ഓരോ തുള്ളി പോലും അമൂല്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നമുക്ക് മാത്രമല്ല വരും തലമുറക്കും ഒരു തുള്ളിയെങ്കിലും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. തോടും കുളവും കായലും എല്ലാം വറ്റി വരണ്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം നമ്മുടെ കൊച്ചു കേരളത്തില്‍ എത്ര നദികളുണ്ടെന്നും എത്രത്തൊളം ജലസ്രോതസ്സുകള്‍ ഉണ്ടെന്നും. അവയെല്ലാം സംരക്ഷിക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെയെല്ലാം ഉത്തരവാദിത്വം തന്നെയാണ്. ഇന്ന് പക്ഷേ മണലൂറ്റി ഓരോ പുഴയുടേയും ആത്മാവിനെ വരെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മളില്‍ പലരും. പുഴകള്‍ മാലിന്യക്കൂടുകളും തോടുകള്‍ മാലിന്യവിക്ഷേപ കേന്ദ്രങ്ങളുമാക്കിക്കൊണ്ടിരിക്കുകയാണ്. അത് സൂചിപ്പിക്കുന്നതും വരും നാളുകളിലെ വരള്‍ച്ചയേയും ജലദൗര്‍ലഭ്യത്തേയും തന്നെയാണ്.
പ്രാധാന്യം
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുദ്ധജല ലഭ്യതക്കുറവ്. വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനം ചുട്ട് പൊള്ളിക്കൊണ്ടിരിക്കുകയാണ്. കിണറുകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം. അതു തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും.
കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന കാലം വിദുരമല്ല എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് ജലക്ഷാമവും മലിനീകരണവും പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ജനങ്ങള്‍ വലയുകയാണ്.
ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു
ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള് മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും.
ഓരോ പൗരനും സുരക്ഷിതമായ തോതില്‍ കഴിയുന്നിടത്തോളം മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥാനങ്ങളില്‍ത്തന്നെയുള്ള മണ്‍പാളികളിലേക്ക് ക്രമമായ തോതില്‍ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയാണ് ഈ അവസ്ഥയില്‍ വേണ്ടത്. ചരിഞ്ഞ ഭൂപ്രതലത്തിലൂടെയുള്ള ഒഴുക്ക് വിനാശകാരിയാണ്. മേല്‍മണ്ണിനെയും ഫലപുഷ്ടിയെയും കൊള്ളയടിച്ചുകൊണ്ടുപോകുന്ന ഓരോ ഒഴുക്കും ഭൂമിയുടെ ജലാഗിരണധാരണശേഷിയെ ഇല്ലാതാക്കുകയും അതിനെ മരുഭൂമിയാക്കുകയും ചെയ്യും. നമ്മുടെ പരിസരങ്ങളില്‍ ഇപ്രകാരം മരുഭൂമികള്‍ രൂപപ്പെടുകയാണ്.
ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു.
ജനസംഖ്യ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ഭൂമിയിലെ ജലത്തിന്റെ ദൗര്‍ലഭ്യത കുറയുകയും ചെയ്യാന്‍ ഇനി അധിക നാള്‍ ഇല്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്.