ചരിത്രം ഉറങ്ങുന്ന ഹംപിയിലെക്കൊരു യാത്ര

573

509-1529 കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. രാജഭരണകാലത്തിന്റെ ഓർമകൾ പേറുന്ന, കല്ലിൽ കൊത്തിയുണ്ടാക്കിയ നിരവധി ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. 565-ല്‍ ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഈ നഗരം തകരുകയായിരുന്നു. അക്രമവും കൊള്ളയും മാസങ്ങളോളം തുടര്‍ന്നു. പിന്നീട് പല രാജാക്കരും ഹംപിയില്‍ ഭരണം തുടര്‍ന്നുവെങ്കിലും നഷ്ടപ്പെട്ട പ്രശസ്തിയും പ്രതാപവും തിരികെ കൊണ്ടുവരാന്‍ കഴിയാത്ത വിധം നഗരം തകര്‍ക്കപ്പെട്ടിരുന്നു. ശിലാപാളികളിൽ പണിതുയർത്തിയ കൽനിർമിതികൾക്ക് കാലപ്പഴക്കത്തിന്റെ മങ്ങലുപോലുമില്ല. നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവും പേറുന്ന ഈ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയം പുതുവർഷത്തിലെ ആദ്യമാസമാണ്. കാരണം ഹംപിയുടെ സംസ്കാരവും ചരിത്രവും വിശദമാക്കുന്ന ഹംപി ഉത്സവ് നടക്കുന്നത് ജനുവരി മാസത്തിലാണ്.

ഉത്തര കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമെന്ന നിലയില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപി. കല്ലിലെഴുതിയ കനകകാവ്യം പോലെ നീണ്ടുനിവർന്നു കിടക്കുന്ന കൽമണ്ഡപങ്ങൾ, ശിൽപങ്ങൾ, സ്തംഭങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ.. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ നീണ്ട ഒരു നിര.

ഹിപ്പി ഐലന്‍ഡ് അഥവാ വിരാപപൂര്‍ ഗഡേ.

ചെറിയൊരു തുരുത്താണ് ഹിപ്പി ഐലന്‍ഡ്. നിറയെ തെങ്ങുകളും പാടങ്ങളുമുള്ള മനോഹരമായ ഒരു സ്ഥലം. ധാരാളം കഫേകളും ബീയര്‍ പാര്‍ലറും, ചെറിയ കൂടാരങ്ങളും, ഹോസ്റ്റല്‍ സൗകര്യമുള്ള ഒരു ബാക്ക് പാക്കേഴ്സ് ഇടത്താവളം. വിദേശീയരെ ഇവിടെ ധാരാളമായി ക്കാണാം. ഇവിടത്തെ ലാഫിങ് ബുദ്ധ റസ്റ്റാറന്‍റ് പ്രശസ്തമാണ്. ക്ഷേത്രത്തിനു മുന്നിലായി വിറ്റല ബസാറും, കുറച്ചുമാറി നദിക്കരയില്‍ പുരന്ധരദാസ മണ്ഡപവും. മറുവശത്തായി കല്ലുകൊണ്ട് നിര്‍മ്മിച്ച പാലവും ((Stone Bridge)) കാണാം. ഇവിടെയുള്ള ബോട്ടുജട്ടിയില്‍ നിന്നും കുട്ട വഞ്ചിയില്‍ ഹിപ്പി ഐലന്‍ഡിലെത്താം.

കൊട്ടാര ശേഷിപ്പുക്കൾ.

സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നുവെന്നറിയാന്‍ ഹംപിയിലെ പ്രസിദ്ധമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതി. അവിടെ വിജയനഗര സാമ്രാജ്യത്തിന്‍റെ ചെറുരൂപം കാണാന്‍ കഴിയും. ഹംപിയില്‍ തകര്‍ത്തെറിയപ്പെട്ട കൊട്ടാരങ്ങളുടെ ശേഷിപ്പുകളും ദൃശ്യമാണ്. ഇതില്‍ രാജകുടുംബാംഗങ്ങളുടെ റോയല്‍ എന്‍ക്ലോഷര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന സെനാന എന്‍ക്ലോഷര്‍, രാജകുമാരിമാര്‍ക്കുള്ള ലോട്ടസ് മഹല്‍, ആനപ്പന്തി, പടവുകിണര്‍, രാജ്ഞിയുടെ കുളിപ്പുര (ക്യൂന്‍സ് ബാത്ത്), മഹാനവമി ആഘോഷങ്ങള്‍ കാണുവാനായി രാജാവ് ഇരുന്നിരുന്ന മഹാനവമി ഡിബ്ബ, വെള്ളം കൊണ്ടു വരാനായി ഉപയോഗിച്ചിരുന്ന ജലപ്പാത്തി, ഇവയെല്ലാം നമ്മെ ഭൂതകാല പ്രൗഢിയുടെ തിരുശേഷിപ്പുകളിലേക്ക് കൊണ്ടുപോകും.

ക്ഷേത്രങ്ങളാല്‍ സമൃദ്ധം, കൂടാതെ ഭൂമിക്കടിയിലെ ശിവക്ഷേത്രവും

കല്‍പ്പടവുകള്‍ ഇറങ്ങിയാല്‍ താഴെ വെള്ളത്താല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ശിവക്ഷേത്രമാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്നത്. രാമായണ കഥ കൊത്തിയിട്ടുള്ള ഹസാര രാമ ക്ഷേത്രം ഇതിന് സമീപത്താണ്. ഹംപിയിലെ മറ്റൊരു മുഖ്യ ആകര്‍ഷണമായ വിറ്റല ക്ഷേത്രത്തിലേയ്ക്ക് പോകും വഴിയാണ് കിംഗ്സ് ബാലന്‍സ്. രണ്ടു വലിയ തൂണുകളാല്‍ താങ്ങി നിര്‍ത്തിപ്പെട്ടിരിക്കുന്ന ഒരു വലിയ ഗ്രാനേറ്റ് ബീം ഇതില്‍ തുലാസു തൂക്കാനുള്ള ഹുക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. വിശേഷ ദിവസങ്ങളില്‍ രാജാവ് ഇതില്‍ തുലാഭാരം നടത്തിയിരുന്നുവത്രേ. തുലാസിന്‍റെ മറുതട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും രത്നങ്ങളുമാണ് വച്ചിരുന്നത്. തുലാഭാരത്തിനു ശേഷം ഇവ പൂജാരിമാര്‍ക്ക് എടുക്കാമായിരുന്നു. ഹംപിയില്‍ നിന്ന് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദ്രവീഡീയന്‍ ശൈലിയിലുള്ള ആരാധനാലയമായ വിറ്റല ക്ഷേത്രത്തിലെത്തും. മനോഹരമായ വാസ്തു വിദ്യയുടേയും, ശില്‍പ കലയുടേയും സംഗമ സ്ഥലമാണിത്. 15-ാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്‍ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണിത് വിപുലീകരിച്ചത്.

ആക്രമണത്തില്‍ അധികം കേടുപാടുകള്‍ ഏല്‍ക്കാത്ത പ്രസിദ്ധ ശിവക്ഷേത്രമായ വിരൂപാക്ഷ ക്ഷേത്രം ഹംപിയിലേക്ക് ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നു. പൂജാ കര്‍മ്മങ്ങളും, വിഗ്രഹാരാധനയും ഇന്നും മുടങ്ങാതെ നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണിത്. ആദ്യം ചെറിയ ഒരു ക്ഷേത്രമായിരുന്നുവിതെങ്കിലും പിന്നീട് വിജയനഗര ഭരണാധികാരികള്‍ ക്ഷേത്രം വിപുലീകരിക്കുകയായിരുന്നു. വിശാലമായ അകത്തളം, രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ള സംഭരണി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രമാണിത്. ഇതിന്‍റെ മച്ച് വിവിധ വര്‍ണ്ണത്തിലുള്ള ചിത്രപ്പണികളാല്‍ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്‍റെ പുഴയോടു മുഖം തിരിഞ്ഞിരിക്കുന്ന ചുമരിലുള്ള ഒരു ചെറിയ ദ്വാരത്തില്‍ കൂടി കടന്നു വരുന്ന സൂര്യരശ്മി എതിര്‍ ഭാഗത്തെ ചുമരില്‍ പതിയ്ക്കുന്നിടത്ത്, പുറത്തെ മുഖ്യഗോപുരത്തിന്‍റെ തല കീഴായ നിഴല്‍ കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

വിറ്റല ക്ഷേത്രത്തിലെ അത്ഭുതങ്ങളാണ് സംഗീത തൂണുകളും (സരിഗമ തൂണുകള്‍) അലങ്കാര രഥവും. അലങ്കാര രഥം ഒറ്റക്കല്ലില്‍ തീര്‍ത്ത പോലെ തോന്നുമെങ്കിലും ചെറിയ ചെറിയ ഗ്രാനേറ്റ് പാളികള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്. വിഷ്ണുവിന്‍റെ വാഹനമായ ഗരുഡനുള്ള സമര്‍പ്പണമാണിത്. മുന്‍പ് ഇത് കുതിരകള്‍ വലിക്കുന്ന രീതിയിലായിരുന്നുവെങ്കിലും ഇന്ന് ആ സ്ഥാനത്ത് ആനകളാണുള്ളത്. കൂടുതല്‍ കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ ഇതിന്‍റെ ചക്രങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ കോണാര്‍ക്കിലും തമിഴ്നാട്ടിലെ മഹാബലിപുരത്തും ഇത്തരത്തിലുള്ള രഥങ്ങള്‍ കാണാന്‍ കഴിയും. ക്ഷേത്രത്തിലെ സംഗീതം പൊഴിക്കുന്ന തൂണുകള്‍ ലോക പ്രശസ്തമാണ്. 56 മുഖ്യത്തൂണുകളും പ്രധാന തൂണുകളെ പൊതിഞ്ഞ് 7 ചെറിയ തൂണുകളും മേല്‍ക്കൂരയുമായി ബന്ധിപ്പിച്ചിരുന്നു. ഓരോന്നും കര്‍ണ്ണാടക സംഗീതത്തിന്‍റെ മ്യൂസിക് നോട്ടുകളെ പ്രതിനിധാനം ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ ഇതിന്‍റെ ഉള്ളടക്കമറിയാനായി രണ്ടു തൂണുകള്‍ മുറിച്ചു നോക്കിയെങ്കിലും ഉള്ളില്‍ വിശേഷിച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തിന്‍റെ നടുമുറ്റത്തായി നിലകൊള്ളുന്ന മഹാ മണ്ഡപത്തിന്‍റെ തൂണുകളിലും സംഗീതം ശ്രവിക്കാനാകും.

എങ്ങനെ എത്തിപ്പെടാം.

കേരളത്തില്‍ നിന്ന് ഹംപിയിലേക്ക് നേരിട്ട് ട്രെയിനോ വിമാന സര്‍വീസോ ലഭ്യമല്ല. വിമാനത്തില്‍ ബംഗളുരുവിലോ ഹൈദരബാദിലോ എത്തിയാല്‍ അവിടെനിന്നു ബെല്ലാരിയ്ക്ക് പോകാം.കൊച്ചിയില്‍ നിന്ന് റോഡ്‌ മാര്‍ഗം 756 കിലോ മീറ്ററാണ് ദൂരം. ഹംപിയുടെ അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ഹോസ്‌പെ‌ട്ടാണ്. എയര്‍പോര്‍ട്ട് ബെല്ലാരിയും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്ല കാലാവസ്ഥയാണ്. ഹംപിയില്‍ കാണേണ്ട സ്ഥലങ്ങളെല്ലാം ഏകദേശം 10-20 കിലോമീറ്ററിനുള്ളിലാണ്. ബൈക്കും ഓട്ടോറിക്ഷകളും ലഭ്യമാണ്.