ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണവിഭവങ്ങള്‍

932

ആസ്ത്മ ഒരു അലര്‍ജി രോഗമാണ് . മിക്ക ആളുകളും ഇന്ന് ആസ്ത്മ മൂലം കഷ്ടപ്പെടാറുണ്ട്. ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അലർജിയാണ് ഒരു പ്രധാന കാരണം. ഭക്ഷണം, പെയിന്റ്, നിറങ്ങൾ, പൂക്കൾ എന്നു വേണ്ട ഏതു സാധനവും അലർജി ഉണ്ടാക്കാൻ കാരണമായേക്കാം. പലപ്പോഴും കാലാവസ്ഥാ മാറ്റത്തിനിടയിലും ഒരു അലർജി മൂലമുള്ളപ്രതികരണത്തിലൂടെയും ആസ്ത്മ ഉണ്ടാവുന്നു.

ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍.കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ലക്ഷണങ്ങള്‍ ക്രമീകരിക്കാന്‍ എന്തെല്ലാം ചെയ്യാം .

  • രോഗം ഉണ്ടാകാന്‍ കാരണമാകുന്ന അപകടഘടകങ്ങൾ തടയുക.
  • ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അവ കുറയ്ക്കുവാന്‍ വേണ്ടി റിലീവർ തെറാപ്പി (reliever therapy) ഉപയോഗിക്കുക. ഉദാഹരണത്തിന്- സാല്‍ബ്യുട്ടമോള്‍, ലൂക്കോട്രെയീന്‍, ആന്റഗോണിസ്റ്റുകള്‍, ആന്റിഹിസ്റ്റമിന്‍ എന്നിവ.
  • അലര്‍ജി തടയാന്‍ കൃത്യനിഷ്ഠയുള്ള ജീവിതശൈലി.

ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

വെളുത്തുള്ളി…

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും.

പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍…

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇവ മികച്ചതാണ്.

ഇലക്കറികള്‍…

ഇലക്കറികളും ആസ്ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് ചീര, വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീ…

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും ശരീരത്തിലെ അണുബാധയെ ചെറുക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഗ്രീന്‍ ടീയും തണുപ്പുകാലത്ത് കുടിക്കാം.

ഇഞ്ചി…

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും.

ചോളം…

ചോളം ആണ് അവസാനമായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, സിങ്ക്, കരോട്ടിനോയ്ഡുകള്‍, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.