സിക വൈറസ്(Zika virus)

929

സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്. എന്നാൽ ഇതിന്റെ പ്രസക്തി എന്തെന്നാൽ,

ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനോടൊപ്പം തന്നെ congenital Zika syndrome എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്.

കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആയി പോവാനും ഉള്ള സാധ്യതകൾ ഉണ്ട്. അപൂർവമായി മുതിർന്നവരിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1952 ൽ ഉഗാണ്ടയിലും, ടാൻസാനിയയിലും മനുഷ്യരിൽ സിക്ക രോഗബാധ സ്ഥിരീകരിച്ചു. 1954ൽ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. 1960കൾ മുതൽ 80കൾ വരെ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട കേസുകളായ് അപൂർവമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2007 Island of Yap (Federated States of Micronesia) ആദ്യമായി സിക്ക വൈറസ് ഒരു പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2013 ൽ മുൻപത്തേക്കാൾ കൂടുതൽ വലിയ പകർച്ച വ്യാധിയായി ഇത് ഫ്രഞ്ച് പോളിനേഷ്യയിലും പരിസരപ്രദേശത്തും കണ്ടെത്തി.

എന്നാൽ ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടർന്നത് 2015 ൽ ബ്രസീലിലായിരുന്നു. ഇതിനെ തുടർന്നാണ് സിക്ക വൈറസ് ബാധിച്ച ഗർഭസ്ഥ ശിശുക്കൾക്ക് അപകടാവസ്ഥകൾ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കൊതുകിനെ നിയന്ത്രിക്കാൻ പട്ടാളത്തെ വരെ ഇറക്കേണ്ടി വന്നിട്ടുണ്ട് ബ്രസീലിൽ. അന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നൽകിയിരുന്നു.

രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവും അന്ന് ഉണ്ടായിരുന്നു.

ഇത്തരം നടപടി ക്രമങ്ങളിലൂടെ ലോകമെമ്പാടും പടരുന്നത് തടയാനുള്ള നടപടിക്രമങ്ങൾ ഏകദേശം ഫലം കണ്ടിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ സിക്ക വൈറസിന് എതിരെ വാക്സീൻ വികസിപ്പിച്ചെടുക്കാൻ ആ സമയത്ത് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഈ വൈറസ് വലിയൊരു ഭീഷിണി ആവാഞ്ഞത് കൊണ്ടാവാം ഗവേഷണങ്ങൾക്ക് വലിയ പുരോഗതി ഉണ്ടായതായി അറിവില്ല.

ലക്ഷണങ്ങള്‍

നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാവാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടാവുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ബ്രസീലില്‍ പകര്‍ച്ചവ്യാധി ഉണ്ടായതിന്റെ തുടര്‍ച്ചയായി മൈക്രോസെഫാലി ബാധിച്ച കുട്ടികള്‍ ജനിക്കുന്നതിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തി. 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും കേസുകള്‍ 3893 ആയി (20 മടങ്ങോളം) ഉയര്‍ന്നു.

രോഗബാധ കണ്ടെത്തുന്നത്

രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. എന്നാല്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ള ലാബുകള്‍ ചുരുക്കമാണ്.

പ്രതിരോധം

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.