
സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം
തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. ബ്രെയിൻ അറ്റാക്ക് എന്നും ഇതിനെ വിളിക്കാം. തലച്ചോറിലേക്കുള്ള അനുസ്യൂതമായ രക്തപ്രവാഹത്തിന് ഏതെങ്കിലും വിധത്തിൽ തടസ്സം നേരിടുകയാണെങ്കിൽ മസ്തിഷ്‌ക കോശങ്ങൾ ആവശ്യമായ പോഷക പദാർഥങ്ങളും ഓക്‌സിജനും ലഭ്യമാകാതെ നശിച്ചുപോകും.
രണ്ട് തരം സ്ട്രോക്കുകൾ
രക്തക്കുഴലുകളിലെ ബ്ലോക്ക്: ഇതാണ് ഏറ്റവും സാധാരണമായ തരം. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ കൊഴുപ്പ് അടിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു.
രക്തക്കുഴൽ പൊട്ടൽ: മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി മസ്തിഷ്ക കലകളിലേക്ക് രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഈ സ്ട്രോക്ക് സംഭവിക്കുന്നത്. ഇത് സമ്മർദ്ദം സൃഷ്ടിക്കുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.
സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ
മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക.
ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം.
കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച.
അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക (സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതിരിക്കുക, പ്രയാസം അനുഭവപ്പെടുക, മറ്റൊരാൾ പറയുന്നത് മനസ്സിലാക്കാൻ കഴിയാതെ വരിക എന്നിവയും സ്‌ട്രോക്കിന്റെ ലക്ഷണമാകാം)
നടക്കുമ്പോൾ ബാലൻസ് തെറ്റുക.
കാഴ്ചയോ കേൾവിയോ നഷ്ടമാകുക.
പെട്ടെന്ന് മറവി ഉണ്ടാകുക.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ രോഗിയെ സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക.
രോഗസാധ്യതയിലേക്ക് നയിക്കുന്ന ഘടകങ്ങൾ
1. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ
ഉയർന്ന അളവിൽ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, വളരെ കൂടിയ അളവിൽ അന്നജം, കൊളസ്ട്രോൾ എന്നിവയടങ്ങിയ ആഹാരരീതിയും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.
2. വ്യായാമക്കുറവ്
കൂടുതൽ സമയം വെറുതെ ഇരിക്കുന്നതും, യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്ട്രോക്കിലേക്ക് നയിച്ചേക്കാം. പ്രായപൂർത്തിയായ ഒരാൾ ആഴ്ചയിൽ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നത് നല്ലതാണ്.
3. മദ്യപാനം, പുകവലി
മദ്യപാനവും പുകവലിയും മസ്തിഷ്കാഘാത സാധ്യത വളരെയധികം വർധിപ്പിക്കുന്നു. ഇവ മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും, രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
4. പാരമ്പര്യം
ചെറിയൊരു ശതമാനം ആളുകളിൽ ചില പാരമ്പര്യഘടകങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങൾ സ്ട്രോക്കിന്റെ സാധ്യത വർധിപ്പിച്ചേക്കാം.
5. രോഗാവസ്ഥകൾ
ഉയർന്ന രക്തസമ്മർദ്ദമാണ് സ്ട്രോക്ക് വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ (atrial fibrillation) തുടങ്ങിയവയും സ്ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ഒരുതവണ സ്ട്രോക്ക്
(Transient Ischemic Attack) വന്നിട്ടുള്ളവരിൽ വീണ്ടും സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.