ശീമക്കൊന്നയുടെ ഗുണങ്ങൾ

2033

Gliricidia Sepium എന്ന് പറഞ്ഞാൽ നമുക്ക് ചിലപ്പോൾ അറിയാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ ശീമക്കൊന്ന എന്ന് പറയുമ്പോൾ പെട്ടെന്ന് മനസ്സിലാവും. അത്രയ്ക്ക് മലയാളിയുമായി ഇണങ്ങിയ ഒന്നാണ് ശീമക്കൊന്ന.അഥവാ വളക്കൊന്ന.

ശീമക്കൊന്ന യെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മുൻകാലങ്ങളിൽ നമ്മൾ വേലി കെട്ടാൻ ആയിട്ടാണ് കൂടുതൽ ഉപയോഗിച്ചുവന്നിരുന്നത്. ഓലമേഞ്ഞ് കെട്ടി അടച്ച വിവിധതരം ജൈവ വേലികൾ നമ്മുടെ നാട്ടിൻപുറത്ത് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് കോൺക്രീറ്റ് മതിലുകൾക്ക് വഴിമാറിയപ്പോൾ ശീമക്കൊന്നയും നാട്ടിൻപുറത്തേക്ക് കൂടിയേറുക തന്നെ ചെയ്തു. എന്നാൽ ഇപ്പോൾ കൃഷിയിടങ്ങളിൽ ആണ് ശീമക്കൊന്ന താരമാകുന്നത്. ഇതിന്റെ ഗുണങ്ങളും ഇത് എങ്ങനെ കൃഷിക്കുവേണ്ടി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം

പച്ച ചാണകം നല്ല ഒരു ജൈവ വളമാണെങ്കിലും ഇന്ന് പച്ച ചാണകത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനായി ശീമക്കൊന്ന ഇല ചെടിക്കും പച്ചക്കറികൾക്കും ഇട്ടുകൊടുത്താൽ ഇത് വളരെ നല്ലൊരു ജൈവവളമായി മാറുകയും ചെടിയിലും പച്ചക്കറിയിലും ഒക്കെ ധാരാളം പൂക്കളും കായ്കളും ഉണ്ടാവുകയും ചെയ്യും.

ശീമക്കൊന്ന കൊണ്ട് എങ്ങനെ ജൈവ കീടനാശിനി ഉണ്ടാക്കാം.

ശീമക്കൊന്നയുടെ ഇലയും തണ്ടും പൊട്ടിച്ചെടുത്ത് അതിനെ ചെറു കഷ്ണങ്ങളാക്കി മുറിച്ച് പച്ചച്ചാണകവും കൂട്ടി ഒരു ഡ്രമ്മിൽ ഇടുക. ഒരു ലിറ്റർ വെള്ളത്തിന് 100 ഗ്രാം ശർക്കരയും എന്നതോതിൽ അലിയിച്ച് ഒഴിക്കുക. വൃത്തിയുള്ള ഒരു വടി കൊണ്ടോ പിവിസി പൈപ്പ് കൊണ്ടോ നന്നായി ഇളക്കിക്കൊടുക്കുക. അതിനുശേഷം ഡ്രം അടച്ച് തണലത്ത് വയ്ക്കുക. ദിവസവും രണ്ട് നേരം തുറന്ന് നന്നായി ഇളക്കി കൊടുക്കണം. ഇളക്കിയതിനുശേഷം പഴയതുപോലെ ഡ്രം അടച്ചു വയ്ക്കുകയും വേണം. 21 ദിവസം കഴിഞ്ഞ് നല്ലപോലെ ഇളക്കിയ ശേഷം ആവശ്യത്തിന് അരിച്ചെടുത്ത് ഒരു ലിറ്റർ വളക്കൂട്ട് ലായനിയിൽ രണ്ട് ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പ്രേ കുപ്പിയിൽ ഒഴിച്ച് ചെടികളുടെ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ കൈ കൊണ്ട് തളിച്ചു കൊടുക്കുകയോ ചെയ്യാം. കൂടാതെ ചെടികളുടെയും, പച്ചക്കറികളുടെയും തടം ചെറുതായി കൊത്തി ഇളക്കി തടത്തിലും ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കീടങ്ങളെ തുരത്തി ഓടിക്കാം എന്ന് മാത്രമല്ല പുതിയ ഇലകൾ തളിരിടാനും നിറയെ പൂക്കളും കായ്കളും ഉണ്ടാവാനും സഹായകമാകും. സൂപ്പർ ഒരു ജൈവവളം കൂടിയാണ് ഈ ലായിനി.

ശീമക്കൊന്നയുടെ മറ്റൊരു പ്രത്യേകത അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്ത് വിളകൾക്ക് ഉപയോഗിക്കാവുന്ന രൂപത്തിൽ ശേഖരിച്ചു വയ്ക്കും എന്നുള്ളതാണ്. മാത്രമല്ല ശീമക്കൊന്നയുടെ വേരുകൾ ആഴത്തിൽ മണ്ണിലേക്ക് ഇറങ്ങിച്ചെന്നു സസ്യ മൂലകങ്ങൾ വലിച്ചെടുക്കുക കൂടി ചെയ്യുന്നു. അതുകൊണ്ടുതന്നെ ശീമക്കൊന്ന ഇല വളമായി തെങ്ങിനും മറ്റ് വിളകൾക്കും ഇടുമ്പോൾ അത് അഴുകി ചേരുമ്പോൾ മേൽമണ്ണ് കൂടി സസ്യ മൂലകങ്ങൾ കൊണ്ട് നിറയുന്നു. പൂക്കുന്നതിനു മുമ്പ് തന്നെ കൊമ്പുകൾ വെട്ടി തെങ്ങിനും മറ്റ് വിളകൾക്കും ഇട്ടുകൊടുത്ത് മണ്ണ് വെട്ടി ഇട്ടാൽ പരമാവധി മൂലകങ്ങൾ വിളകൾക്ക് കിട്ടും എന്ന പ്രത്യേകത ശീമക്കൊന്നക്ക് മാത്രം സ്വന്തം.

വേനൽക്കാലത്ത് പച്ചക്കറികളുടെ കടയിൽ ശീമക്കൊന്ന ഇല പുത ഇട്ടു കൊടുത്താൽ ജൈവാംശം വിഘടിച്ച് കാർബൺഡൈഓക്സൈഡ് ആയി നഷ്ട്ടപ്പെടുന്നത് തടയുക മാത്രമല്ല ഇലകൾ അഴുകി കഴിയുമ്പോൾ നല്ലൊരു നൈട്രജൻ വളമായി മാറുകയും ചെയ്യും.

തെങ്ങിന് പച്ചച്ചാണകം ഇട്ടു കൊടുക്കുമ്പോൾ ഒരു കുട്ട പച്ച ചാണകത്തിന് രണ്ട് കിലോ ശീമക്കൊന്ന ഇല കൂടി ഇട്ടു കൊടുത്താൽ കൊമ്പൻചെല്ലി, ചെമ്പൻ ചെല്ലി എന്നീ കീടങ്ങളുടെ ശല്യത്തിൽ നിന്ന് ഒരു പരിധി വരെ തെങ്ങിനെ രക്ഷിക്കാം.

കർഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു ജൈവ എലി വിഷം കൂടിയാണ് ശീമക്കൊന്ന. കർഷകനെ ദിനവും ശല്യം ചെയ്യുന്ന എലികളെ തുരത്താൻ ഇതിലും നല്ല ഒരു ജൈവ മാർഗ്ഗം വേറെയില്ല. ശീമക്കൊന്ന ഇലയും തോലും കൂട്ടി ചതച്ച് പിഴിഞ്ഞെടുത്ത നീര് എലിക്ക് പ്രിയപ്പെട്ട ഭക്ഷണത്തിൽ പുരട്ടി എലികൾ വരുന്ന വഴിയിൽ പല ഭാഗത്തായി വച്ചാൽ എലികൾ അത് കഴിച്ചാൽ ഉടനെ ചത്തുവീഴും.

അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങൾ ശീമക്കൊന്നക്കുണ്ട്.