
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആചാരങ്ങളാണ്.
വിഷുക്കണി എങ്ങനെ ഒരുക്കാം

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.
വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍
യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള് കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും. തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കാണുന്ന ചടങ്ങ് കൃഷ്ണനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെയുള്ള കണി കാണല്‍ ചടങ്ങും ഏറെ വിശേഷപ്പെട്ട ഒന്നാണ്
കണിയൊരുക്കാന്‍ എന്തൊക്കെ വേണമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും പലര്‍ക്കും അറിയുകയില്ല. അതിനായി നിലവിളക്ക്, ഉരുളി, വാല്‍ക്കിണ്ടി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. കണിയൊരുക്കുന്നതിനായി കൃഷ്ണ വിഗ്രഹം വേണം. കൃഷ്ണവിഗ്രഹത്തിന് മുന്നിലായി വലത് വശത്ത് നിലവിളക്കും ഇടത് വശത്ത് ഉരുളിയും വെക്കണം. ഉരുളിയില്‍ എന്തൊക്കെ വസ്തുക്കള്‍ സൂക്ഷിക്കണം എന്നുള്ളത് നമുക്ക് നോക്കാം.
വിഷുക്കണി വയ്ക്കുമ്പോള്‍
നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വയ്ക്കും. പച്ചക്കറികളില്‍ തന്നെ വെള്ളരിക്ക, കണിവെള്ളരി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ അലക്കിയ വസ്ത്രം, അഷ്ടമംഗല്യം, കണ്ണാടി, സ്വര്‍ണം, നാണയങ്ങള്‍, അരി, നെല്ല് തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളും വയ്ക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലെ കണിക്കൊന്ന.
ഉരുളിയില്‍
ഉണക്കലരി, കണി വെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാരങ്ങ,ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ എല്ലാം വെക്കുക. ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും വെക്കുക. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. കണിവെള്ളരിയോടൊപ്പം കണിക്കൊന്നയും വെക്കുക. കണിവെള്ളരി ഭഗവാന്റെ മുഖവും കണിക്കൊന്ന ഭഗവാന്റെ കിരീടമാണ് എന്നും ആണ് വിശ്വാസം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുപാത്രത്തില്‍ അലക്കിയ കസവു പുടവയും, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കണ്മഷി, വെറ്റില, അതില്‍ നാണയത്തുട്ടുകള്‍ എന്നിവയെല്ലാം ഒരുക്കേണ്ടതാണ്.
വാല്‍ക്കണ്ണാടി ഭഗവതിയെ സങ്കല്‍പ്പിച്ചാണ് ഉരുളിയില്‍ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പ്പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.
ദീപം കൊളുത്തുമ്പോള്‍
ദീപം കൊളുത്തുമ്പോള്‍ അത് സര്‍വ്വൈശ്വര്യത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അഞ്ച് തിരികള്‍ ഇട്ട് വേണം തിരി കൊളുത്തേണ്ടത്. ഇത് ഭഗവാന് മഹാദേവനെയാണ് സൂചിപ്പിക്കുന്നത്. നിലവിളക്ക് കത്തി, പൂക്കള്‍, കൊടിവിളക്ക് എന്നിവയാണ് കണികാണുമ്പോള്‍ വെക്കേണ്ടത്.
വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം വിഷുവിന് കാരണവന്മാര് നല്കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം.
ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്.
പണ്ട്, നമ്മള് കൂട്ട് കുടുംബവ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്ന കാലത്ത്;സ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
എന്നാല്‍ ഇന്നാകട്ടെ, മുത്തശ്ശനോ അച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക.
കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്കാന്. നാണയമാണ് കൈനീട്ടമായി നല്‍കുക(ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്).
കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും.
വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത്.
പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത്. എങ്കിലും ഇന്ന് ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
വിഷു സദ്യ
മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന് പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
കണിക്കൊന്ന
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു