കോവല്‍ കൃഷി ചെയ്യാം

801

കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്ക്ക. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നിൽ, കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.
കോവലിന്റെ ഇളംകായ്കള്‍ , ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. ഇവക്ക് പുറമെ വേര് പല ആയുര്‍വേദ ഔഷധനിര്‍മാണത്തിനും ഉപയോഗിച്ചുവരുന്നു. പച്ചക്കറിയെന്നതിലുപരി ആരോഗ്യസംരക്ഷണത്തിലും കോവല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍ , ആന്റി ഓക്സിഡന്റുകള്‍ , മാംസ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കോവല്‍ . ആയുര്‍വേദം, യുനാനി എന്നീ പരമ്പപരാഗത ചികിത്സാരീതികളില്‍ കോവലിന്റെ വിവിധ ഭാഗങ്ങള്‍ ഔഷധ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്‍സുലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്‍ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്. രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്‍ധിപ്പിക്കല്‍ എന്നിവക്കും കോവല്‍ സഹായിക്കുന്നു.ഇനികൃഷി രീതി നോക്കാം.

മണ്ണ് തെരഞ്ഞെടുക്കല്‍

അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം വേണം കോവല്‍ നടാന്‍ തെരഞ്ഞെടുക്കാന്‍. മണ്ണിന്റെ പി.ച്ച് 5.8 മുതല്‍ 6.8 വരെ മതി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമാണെങ്കില്‍ 50 സെ.മീ ഉയരത്തില്‍ തടമെടുക്കുന്നത് നല്ലതാണ്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.

തടമെടുക്കല്‍

2.5 മീറ്റര്‍ അകലത്തില്‍ വേണം തടങ്ങളെടുക്കാന്‍. 60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് കരിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ പറിച്ച് നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്നു തൈകള്‍ വീതം നടാം. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ പന്തലിലേക്ക് കൊടുക്കണം.

തൈകള്‍ തെരഞ്ഞെടുക്കല്‍ 

നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം. ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചുനടാവുന്നതാണ്.

പരിചരണം

നന്നായി കായിക്കുന്ന കോവലിന്റെ തണ്ടുകള്‍ മാത്രമേ നടാനായി രേഖരിക്കാവൂ. കായ്പിടുത്തക്കുറവിന് മാതൃ സസ്യത്തിന്റെ ഗുണമേന്മയും പ്രശ്നമാകാറുണ്ട്. വാടി നില്‍ക്കുന്നതും പഴുത്തതും ഉണങ്ങിയതുമായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ചു കളയണം. നടാനായി തെരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കൊത്തി ഇളക്കി ചാണകപ്പെടി, ആട്ടിന്‍കാഷ്ടം, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ തടത്തിലിട്ടു വീണ്ടും നന്നായി ഇളക്കി നനച്ചു രണ്ടു ദിവസമിടുക. ശേഷം ആരോഗ്യമുള്ള തണ്ടുകള്‍ നടുക.

കീടങ്ങളും രോഗങ്ങളും

കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ത്ത ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്‌പ്രേ ചെയ്യണം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചത് കൂടുതല്‍ വെള്ളം ചേര്‍ത്ത് കോവിലന്റെ ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കുന്നു. കായീച്ചയുടെ ആക്രമണമാണ് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്.

ഔഷധഉപയോഗങ്ങൾ

പരമ്പരാഗത വൈദ്യത്തിൽ, കുഷ്ഠം, പനി, ആസ്ത്മ, ബ്രോങ്കൈറ്റിസ്, മഞ്ഞപ്പിത്തം എന്നിവ ചികിത്സിക്കാൻ പഴങ്ങൾ ഉപയോഗിക്കുന്നു. പഴത്തിൽ മാസ്റ്റ് സെൽ സ്ഥിരത, ആന്റി-അനാഫൈലക്റ്റിക്, ആന്റിഹിസ്റ്റാമിക് സാധ്യതകൾ ഉണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധി വേദന എന്നിവയ്ക്ക് ബംഗ്ലാദേശിൽ വേരുകൾ ഉപയോഗിക്കുന്നു. ചുണങ്ങു ചികിത്സിക്കാൻ ഇലകളിൽ നിർമ്മിച്ച പേസ്റ്റ് ചർമ്മത്തിൽ പുരട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

 

കോവക്കയുടെ ഇലക്കും ഔഷധ ഗുണമുണ്ട്.

കോവക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വയറിളക്കത്തിന് കോവയിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര് ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക.
കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജിക്ക് ഇലകള്‍ അരച്ചു പുരട്ടുന്നത് നല്ലതാണ്.

 

ചില പൊടിക്കൈകള്‍

1. തലപ്പ് നുള്ളികളയുക

കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.

2.കഞ്ഞിവെള്ളവും ചാരവും

കോവലിനു ഏറെ പ്രിയപ്പെട്ടവയാണ് കഞ്ഞിവെള്ളവും ചാരവും. കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി തടത്തിലൊഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.

3.സൂഷ്മ മൂലകങ്ങൾ

സൂഷ്മ മൂലകങ്ങളുടെ കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.

4.സൂര്യപ്രകാശം

കോവല്‍ നടുന്ന ഭാഗത്തും പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ ബുദ്ധിമുട്ടാണ്.

5.ഫോസ്ഫറസ് പ്രധാനം

ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും പിന്നീടും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായ്ക്കാന്‍ തുടങ്ങും.

6.മീന്‍ കഴുകുന്ന വെള്ളം

മീന്‍ കഴുകി കളയുന്ന വെള്ളം കോവലിന്റെ ചുവട്ടിലൊഴിച്ച് കൊടുക്കുന്നതു നല്ലതാണ്. ഫിഷ് അമിനോ നേര്‍പ്പിച്ചു തടത്തിലൊഴിച്ചു കൊടുക്കുന്നതും വേഗത്തില്‍ കായ്ക്കാന്‍ സഹായിക്കും.

7.മാസത്തില്‍ ഒരു വളപ്രയോഗം

കോവല്‍ കായ്ച്ചു തുടങ്ങിയാല്‍ പിന്നെ വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കണം. എങ്കിലെ നല്ല ഫലം കിട്ടു. നടുമ്പോഴും പിന്നീട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റ്കക്ക പൊടിച്ചു വിതറി നനച്ചു കൊടുക്കുക.

8.കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും.