തക്കാളിപ്പനി

2364

ഒരു വൈറൽ പനിയാണ്, ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്നു. അത്ര അപകടകാരിയല്ലയെങ്കിലും മക്കൾക്ക്‌ വല്ലാത്ത അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്‌.

സാധാരണഗതിയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കുന്നത്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്നു തടിക്കുന്നതുമാണ് ലക്ഷണം. ദേഹത്താകെയും നാവിലും കൈവെള്ളയിലും പൊള്ളിയതുപോലെ കുമിളകൾ ഉണ്ടാകുന്നു. പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതർ. കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകൾപോലെ തുടുത്തുവരും. വേനൽക്കാലമായതിനാൽ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാ​ഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. ചൂടുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോ​ഗിച്ച് കുളിപ്പിക്കാം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആറുദിവസം വരെ നീണ്ടു നിൽക്കും. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.

ഓക്കാനം, ഛർദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം.
രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ പാടാണ്‌. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം.
രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വാശി തികച്ചും സ്വാഭാവികമാണ്‌. അത്രയേറെ അസ്വസ്ഥത ഉള്ളത്‌ കൊണ്ട്‌ തന്നെയാണ്‌ കുഞ്ഞ്‌ വഴക്കുണ്ടാക്കുന്നത്‌. സാരമില്ല, ക്ഷമയോടെയിരിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം.
മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം.
കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌.

ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌. കുറച്ച്‌ വാശി സ്വാഭാവികമാണ്‌. രോഗം തനിയെ മാറുകയും ചെയ്യും. എന്നാലും ജാഗ്രതയോടെയിരിക്കുക.