സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ ലോകം കൈപ്പിടിയിലൊതുങ്ങുന്ന അവസ്ഥയായി.
ഗ്രഹാംബെല്ലിന്റെ ടെലിഫോണിൽനിന്ന് മൊബൈൽ ഫോണിലേക്കെത്തിയപ്പോൾ എവിടെനിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ സംജാതമായി. ദീർഘദൂരഫോണ്സന്ദേശരംഗത്ത് വൻ പരിവർത്തനമാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്. ഏതൊരാളെയും അയാളെവിടെ നിൽക്കുമ്പോഴും നമുക്ക് ബന്ധപ്പെടാനുള്ള അവസരം മൊബൈൽ ഫോൺ ഒരുക്കിത്തരുന്നു.
ഇന്ന് ഗാനങ്ങൾ കേൾക്കാനും വീഡിയോ കാണാനും ചിത്രങ്ങളെടുക്കാനും സൗകര്യമുള്ള മൊബൈൽ ഫോണുകൾ ആണ് കൂടുതലും രംഗത്തുള്ളത് . ടെലിവിഷൻ വാർത്താവിതരണരംഗത്തിന്റെ വേഗം വർധിപ്പിക്കുന്നതിനും അതു കാരണമായി.
മൊബൈൽഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിജ്ഞാനം ചികഞ്ഞു കണ്ടുപിടിക്കുകയും ചെയ്യാം. കത്തുകൾ അയയ്ക്കുക, ചർച്ചകൾ നടത്തുക, സല്ലാപം നടത്തുക എന്നിവയ്ക്കു പുറമെ ഉത്പന്നങ്ങളെക്കുറിച്ച് പരസ്യം ചെയ്യാനും അവ നേരിട്ടു കാണാതെതന്നെ വിപണനം ചെയ്യാനും ഇതവസരമൊരുക്കുന്നു. ഓണ്‍ലൈൻ ആയി ഇങ്ങനെ വ്യാപാരം നടത്തുവാനും ബാങ്കിംഗ് ഇടപാടുകൾ നടത്തുവാനും മൊബൈൽ ഫോണിലൂടെ സാധിക്കുന്നു.
റെയിൽവേ ടിക്കറ്റ്, പിഎസ്സി പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ മൊബൈൽ ഫോണിൽ സന്ദേശങ്ങളായി വരുന്നുണ്ട്. കുറ്റവാളികളെ എളുപ്പം കണ്ടുപിടിക്കുന്നതിനും അഴിമതിക്കാരെ പിടികൂടാനും മൊബൈൽ ഫോണുകൾ ഇന്ന് വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും അത് സ്വകാര്യത നശിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. അതോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അവ എന്തെന്ന് നമുക്ക് നോക്കാം.
നോണ്‍ അയോണൈസിംഗ് റേഡിയേഷൻ വിദഗ്ധനും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. ഹെൻട്രിലാ തലച്ചോറിലെ കോശങ്ങൾ നശിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾക്ക് സെൽഫോണ്‍ റേഡിയേഷൻ കാരണമാകുന്നുവെന്ന് കണ്ടെത്തി. ഓർമശക്തി നഷ്ടപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതുമാണ് ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങൾ. അൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ്, കാൻസർ എന്നീ രോഗങ്ങൾ മൊബൈൽ ഫോണിന്റെ ദീർഘകാലമായുള്ള ഉപയോഗംമൂലം ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
ദീർഘനാളുകളായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡിഎൻഎയിലും ആർഎൻഎയിലും ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ വ്യത്യാസം വരുത്തുമെന്നാണ് ചില പഠനങ്ങളിലൂടെ തെളിയുന്നത്. സെല്ലുലാർ മ്യൂട്ടേഷനുകൾ എന്നാണ് ഇതറിയപ്പെടുന്നത്. ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ബ്രെയിൻ ട്യൂമറിനുള്ള സാധ്യത കണ്ടെത്തിയത്.
തലച്ചോറിനെ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളെയും റേഡിയേഷൻ ബാധിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അപസ്മാരമുള്ളവർ തുടർച്ചയായി മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ രോഗത്തിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ട്. തലച്ചോറിലെ രക്തചംക്രമണത്തെ റേഡിയേഷൻ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം. മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ ചെവിയിൽ വരെ മൊബൈൽ ഫോണ്‍ ചേർത്തുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഇതു കൂടുതൽ അപകടമാണ്. കൊച്ചു കുഞ്ഞുങ്ങളുടെ തലച്ചോർ ഫോണ്‍ ഉപയോഗിക്കാൻ തക്ക ക്ഷമതയുള്ളതല്ല.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് മൊബൈൽ ഫോണ്‍ തടസമുണ്ടാക്കുന്നു. മൊബൈൽ ഫോണിൽനിന്നുള്ള മൈക്രോവേവ് റേഡിയേഷൻ ഇന്റൻസീവ് കെയർ യൂണിറ്റിലും ഓപ്പറേഷൻ തിയറ്ററിലുമുള്ള പല ഉപകരണങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്നു.
വിമാനയാത്രക്കാർ നിർബന്ധമായും യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്. ഈ ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ വിമാനത്തിന്റെ ഭൂമിയുമായുള്ള നിയന്ത്രണ ബന്ധത്തെ തകരാറിലാക്കുന്നതും അപകടമുണ്ടാകാനുള്ള സാധ്യത വിളിച്ചുവരുത്തുന്നതുമാണ്.
എങ്കിലും മൊബൈൽ ഫോണ്‍ വളരെ ജനകീയമായിട്ടുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വാർത്താവിനിമയം വേഗതയേറിയതും ലളിതവുമാക്കാനും ലോകപുരോഗതിയെത്തന്നെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.
മൊബൈല്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ..,ഇതും വന്നേക്കും
മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്.
കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്.
എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.
കണ്ണിനുള്ളിലെ ലെന്‍സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അസുഖമാണ് തിമിരം. വേദനയില്ലാതെ വളരെ പതിയെ മാത്രമാണ് തിമിരം വ്യക്തികളെ പിടികൂടുക. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാനും പരിഹാരം കണ്ടെത്താനും പലപ്പോഴും വൈകിപ്പോകുന്ന സാഹചര്യങ്ങളുമുണ്ടാകാം.
കണ്ണ് എപ്പോഴും ക്ഷീണിച്ചിരിക്കുക, തലവേദന, വായിക്കുമ്ബോഴോ മറ്റെന്തെങ്കിലും ചെയ്യുമ്ബോഴോ അതിലേക്ക് ശ്രദ്ധ നല്‍കാനാകാതിരിക്കുക, കണ്ണ് ‘ഡ്രൈ’ ആയി മാറുക, അസ്വസ്ഥത അനുഭവപ്പെടുക, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അധികരിച്ച സ്‌ക്രീന്‍ ടൈം മൂലമുണ്ടാകാവുന്നതാണ്. ഇതില്‍ കാഴ്ച മങ്ങുന്ന പ്രശ്‌നം ഏറെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ഭമുണ്ടായാല്‍ അത് ക്രമേണ തിമിരത്തിലേക്ക് നയിച്ചേക്കാം.
അനാരോഗ്യകരമായ ഭക്ഷണരീതി, കണ്ണില്‍ പരിക്ക്, പ്രമേഹം, എപ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുക, റേഡിയേഷന്‍ ഏല്‍ക്കുക, കണ്ണിന് അധികസമ്മര്‍ദ്ദമേല്‍പിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം തിമിരത്തിലേക്ക് വ്യക്തികളെ എത്തിച്ചേക്കാം. ഇതിന് പുറമെ പാരമ്ബര്യമായും ചിലര്‍ക്ക് തിമിരം കിട്ടാറുണ്ട്.
എന്തായാലും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിലൂടെ വലിയൊരു പരിധി വരെ തിമിരം പോലുള്ള കാഴ്ചാപ്രശ്‌നങ്ങളില്‍ നിന്ന് കണ്ണുകളെ രക്ഷപ്പെടുത്താനാകുമെന്ന് തന്നെയാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. അതിനാല്‍, എത്ര ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞാലും കണ്ണിന് മൊബൈല്‍/ലാപ്‌ടോപ്/ ഡെസ്‌ക്ടോപ്/ടെലിവിഷന്‍ സ്ക്രീനുകളില്‍ നിന്ന് കൃത്യമായ വിശ്രമം നല്‍കാന്‍ എപ്പോഴും പ്രത്യേക കരുതലെടുക്കുക.
ഇതുവഴി മറ്റൊരു രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്സാപ്പിറ്റിസ് എന്നാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്ന പേര്. നിരന്തരമായ വാട്സ് ആപ്പ് ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന വേദനയും തടിപ്പും ചുവന്ന നിറവുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍.
മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇവ കൂടി ശ്രദ്ധിക്കുക
ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാന്‍ ഓര്‍ക്കുക. കണ്ണില്‍ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
ദീര്‍ഘ നേരം തുടര്‍ച്ചയായി ഗാഡ്ജറ്റ്സ് ഉപയോഗിക്കാതിരിക്കുക. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക.
പോക്കറ്റില്‍ ഇത്തരം ഉപകരണങ്ങള്‍ അധികനേരം സൂക്ഷിക്കാതിരിക്കുക. ഇവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന തരംഗങ്ങളും റേഡിയേഷനും പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.
ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കഴിവതും കുറയ്ക്കുക. ഉള്ളിലുള്ള കുഞ്ഞിന് ഇത്തരം റേഡിയേഷനുകള്‍ ഭാവിയില്‍ വലിയ ദോഷം ചെയ്തേക്കാം.
കുട്ടികളോട് നോ പറഞ്ഞേ പറ്റൂ. കൊച്ചു കുട്ടികള്‍ക്ക് ഒരു കാരണവശാലും ഇത്തരം ഉപകരണങ്ങള്‍ കൊടുക്കരുത്. അത്യാവശ്യം സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സ്പീക്കര്‍ ഫോണ്‍ ഓണ്‍ ചെയ്ത് കഴിയുന്നത്ര അകത്തിപ്പിടിച്ചു സംസാരിപ്പിക്കുക.
സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ ജീവിതത്തെ കുറച്ചു കൂടി സപ്പോര്‍ട്ട് ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് അടിമപ്പെട്ട് ജീവിക്കരുത്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഗാഡ്ജറ്റ്സ് ഉപയോഗിക്കുക. മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് സ്വയം അഹങ്കരിക്കാനുള്ള വസ്തുവായി ഇതിനെ കാണരുത്.
കോളേജ് ലൈഫും ഓഫീസ് ലൈഫും കഴിഞ്ഞ് നേരെ ഇത്തരം ഗാഡ്ജറ്റ്‌സിന്റെ മുന്നില്‍ ചടഞ്ഞിരിക്കാതെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുക.
മൊബൈല്‍ ഫോണുകള്‍ കുട്ടികളില്‍ നിന്ന് അകറ്റിവയ്ക്കാം…
ശരിതെറ്റുകള്‍ തിരിച്ചറിയാനാവാത്ത പ്രായത്തില്‍ കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം. അതിനാല്‍ കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏത് തരത്തിലുള്ളതാണെന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്.
കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇപ്പോള്‍ വളരെയധികം വര്‍ധിച്ചുവരികയാണ്. അവധിദിനങ്ങള്‍ പാടത്തും പറമ്പിലും കളിച്ച് നടന്നിരുന്ന കുട്ടിക്കാലമല്ല ഇന്നുള്ളത്. ഇന്നത്തെ തലമുറ ഒരു ദിവസത്തിന്റെ സിംഹഭാഗവും മൊബൈല്‍ ഫോണുകള്‍ക്കൊപ്പമാണ് ചിലവിടുന്നത്.
ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. ഈ ശ്രദ്ധ കുട്ടി പ്രായപൂര്‍ത്തിയാകുന്നത് വരെയും ഉണ്ടായിരിക്കണം..
തിരക്കേറിയ ജീവിതത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം. പലപ്പോഴും കുട്ടികളുടെ വാശി അവസാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ചെയ്യുന്ന എളുപ്പവഴിയാണ് മൊബൈല്‍ ഫോണ്‍ കൊടുക്കുക എന്നത്. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ തന്നെ വളരെ അപകടകരമായ ഒന്നാണ് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനുകള്‍, മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ വേഗത്തില്‍ കുട്ടികളില്‍ റേഡിയേഷന്‍ ബാധിക്കും.
കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം ഭാവിയില്‍ വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവിക നിലയെ തന്നെ തകരാറിലാക്കിയേക്കും. പകല്‍ നീണ്ട നേരം ഫോണ്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. രാത്രിയിലാണെങ്കില്‍ മൊബൈല്‍ ഉപയോഗം കണ്ണുകളെയാണ് ബാധിക്കുക.
ഇന്നത്തെ തലമുറയില്‍ അപകടകാരികളായ പല ഗെയിമുകള്‍ക്കും പിന്നാലെ കുട്ടികള്‍ പോകുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരം ഗെയിമുകള്‍ പ്രശ്‌നക്കാരല്ലെന്ന ചിന്തയുണ്ടെങ്കില്‍ ഇനിയത് വേണ്ട. ഗെയിമുകള്‍ കുട്ടികളുടെ ചിന്തയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ശരിതെറ്റുകള്‍ തിരിച്ചറിയാനാവാത്ത പ്രായത്തില്‍ കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം. അതിനാല്‍ കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏത് തരത്തിലുള്ളതാണെന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികള്‍ എത്രസമയം സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നുവെന്നും രക്ഷിതാക്കള്‍ അറിയണം.
രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഫോണോ കമ്പ്യൂട്ടറോ അനുവദിക്കരുത്. കുട്ടികളുടെ ഫോണ്‍ ഉപയോഗം വിലയിരുത്താനായി ഒരു നിയമാവലി ഉണ്ടാക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം. കുട്ടികള്‍ ഫോണിലൂടെ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പാസ്വേര്‍ഡ്, ആപ്ലിക്കേഷനുകള്‍, ഏത് സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം.
ഇനി ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ മാത്രമേ കര്‍ശനരീതിയില്‍ പെരുമാറാനും ശ്രമിക്കാവൂ. അല്ലെങ്കില്‍ പിന്നീട് രക്ഷാകര്‍ത്താക്കളുടെ അറിവോടെയല്ലാതെ അതേ തെറ്റ് ആവര്‍ത്തിക്കപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു.
സ്ക്രീൻ ടൈം നിശ്ചയിക്കാം
എല്ലാ സ്ക്രീനുകളും കുട്ടികളിൽ നിന്ന് എടുത്തു മാറ്റുകയല്ല, അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. മൂന്നു വയസു വരെ കുട്ടികൾക്ക് സ്ക്രീനുകൾ ഒന്നും നൽകാതിരിക്കുക. മസ്തിഷ്ക വളർച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസു വരെ ദിവസം ഒരു മണിക്കൂറിലധികം സ്ക്രീൻ നൽകാതിരിക്കുക.
അഞ്ചു വയസിനു ശേഷം രക്ഷിതാക്കൾ ഉചിതമായ രീതിയിൽ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യുക. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ വിവിധ സോഷ്യൽ നെറ്റ്‍വർക്കുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായം 13 വയസാണ്.
എന്നാൽ, 18 വയസ് വരെ സോഷ്യൽ മീഡിയ കുട്ടികൾക്കു സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നന്നേ ചെറുപ്പത്തിലേ കുട്ടികളെ സോഷ്യൽ നെറ്റ്‍വർക്കുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്നു തിരിച്ചറിയുക.
മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങിനെ നിയന്ത്രിക്കാം.
ശീലങ്ങൾ മാറ്റാൻ ശ്രമിക്കുമ്പോൾ എപ്പോഴും ചെറുതായി തുടങ്ങുക, അല്ലെങ്കിൽ ആദ്യ ദിവസം കൊണ്ട് തന്നെ നമ്മൾ അതു നിർത്തി പോകും. അതിലെ ഏറ്റവും വലിയ ഉദാഹരണമാണ് ജിമ്മിൽ പോകുന്നവർ, അവർ ആദ്യ ദിവസങ്ങളിൽ വലിയ ആവേശത്തോടെ ചെയ്യും, വലിയ ഭാരം ഒക്കെ എടുക്കാൻ ശ്രമിക്കും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവർ മാനസികമായി മടുത്തു തുടങ്ങും, തന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന തോന്നൽ വരും, നിർത്തും.
ഏറ്റുവും എളുപ്പത്തിൽ ചെയ്യാവുന്നതും, ഏതെങ്കിലും ഒന്നിനോട് ചേർന്ന് നില്കുന്നതുമായ രീതിയിൽ തുടങ്ങുക. “ഇന്ന് മുതൽ ഭക്ഷണം കഴിക്കുമ്പോൾ ഫോണുപയോഗിക്കില്ല, അതു അടുത്തു നിന്നു മാറ്റി വയ്ക്കുക”.
ചെറിയ ശീലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
ആരോടെങ്കിലും സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഫോണ്‍ നോക്കാതിരിക്കുക.
ചെറിയൊരു ബോറടി തോന്നുമ്പോഴേയ്ക്കും ഫോണ്‍ കയ്യിലെടുക്കുന്ന പതിവുണ്ടെങ്കില്‍ അവസാനിപ്പിക്കുക.
ഡിവൈസുകളും അവയിലെ ആപ്പുകളുമൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നത് നമ്മെ പരമാവധി ആകര്‍ഷിക്കുകയും അവിടെത്തന്നെ തളച്ചിടുകയും ഉന്നമിട്ടാണ്. (ഒരു വീഡിയോ തീര്‍ന്നാല്‍ ഉടനടി അടുത്തതു സ്വയം പ്ലേ ചെയ്തുതുടങ്ങുന്നതും ഒരു ലേഖനത്തിനു കീഴെ സമാനമായ അനേകത്തിന്‍റെ ലിങ്കുകള്‍ വിളമ്പപ്പെടുന്നതുമെല്ലാം ഇതിന്‍റെ ഭാഗമാണ്.) അതുകൊണ്ട്, ഓരോ തവണയും നെറ്റില്‍ക്കയറുമ്പോള്‍ എന്താണു തന്‍റെ ലക്ഷ്യം, എത്ര സമയം അവിടെ ചെലവിടണം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ സൂക്ഷിക്കുക. ഏതൊരു കാര്യം ചെയ്യുമ്പോഴും എനിക്കിതാവശ്യമുണ്ടോ എന്നു സ്വയം ചോദിക്കാം.
ആ ജോലിയും അത്രയും സമയവും തീര്‍ന്നാല്‍ നെറ്റില്‍നിന്നു പുറത്തുകടക്കുക.
ഫോണ്‍ സ്വല്‍പനേരം ഓഫാക്കിയിടാന്‍ അങ്ങിനെയൊരു കര്‍ശനനിര്‍ദ്ദേശമുള്ള സ്ഥലങ്ങള്‍ക്കോ സാഹചര്യങ്ങള്‍ക്കോ കാത്തിരിക്കേണ്ടതില്ല.
ശ്രദ്ധയ്ക്ക് ഒരു ഭംഗവും ഇടയ്ക്കു വരാതെ മുഴുമിക്കണമെന്നുള്ള ജോലികളോ സംഭാഷണങ്ങളോ തുടങ്ങുമ്പോഴും വ്യായാമനേരത്തുമെല്ലാം ഫോണ്‍ ഓഫാക്കുകയോ എയര്‍പ്ലെയിന്‍ മോഡിലേക്കു മാറ്റുകയോ ചെയ്യുക.
നോട്ടിഫിക്കേഷനുകള്‍, അവയ്ക്കു മറുപടിയായി നാം ഫോണ്‍ കയ്യിലെടുക്കുന്നില്ലെങ്കില്‍പ്പോലും, നമ്മുടെ ഏകാഗ്രതയെ ഹനിച്ചുകൊണ്ടിരിക്കാം. അവ പരമാവധി, വൈബ്രേഷനും പുഷ് നോട്ടിഫിക്കേഷനുകളും അടക്കം, ഓഫ് ചെയ്തിടുക.
അധികം ഉപയോഗിക്കാത്തതോ വലിയ പ്രാധാന്യമില്ലാത്തതോ ആയ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. അത്യാവശ്യമില്ലാത്ത ഈമെയില്‍ ലിസ്റ്റുകളില്‍നിന്ന് അണ്‍സബ്’സ്ക്രൈബ് ചെയ്യുക. വലിയ പ്രസക്തിയില്ലാത്ത വ്യക്തികളെയും പേജുകളെയും അണ്‍ഫോളോ ചെയ്യുക. അപ്രധാനമായ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് വിട്ടുപോരുക. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഫോണില്‍നിന്ന് ഒഴിവാക്കുക, കംപ്യൂട്ടറില്‍ മാത്രം നോക്കുക.
മെസേജുകള്‍ക്കും കമന്‍റുകള്‍ക്കുമൊക്കെയുള്ള മറുപടി ഉടനുടന്‍ കൊടുത്തുകൊണ്ടിരിക്കാനുള്ള ത്വര നിയന്ത്രിക്കുക. ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വെച്ച് എല്ലാറ്റിനുംകൂടി ഒരുമിച്ചു മറുപടി കൊടുക്കുക. ഈ നയം വ്യക്തമാക്കുന്ന ഒരു ഓട്ടോമാറ്റിക് റിപ്ലൈ ഒരുക്കിയിടാവുന്നതുമാണ്. ഫോണില്‍ അലാറം വെച്ച്, അതടിക്കുമ്പോള്‍ ഉണര്‍ന്ന്‍, അതോഫാക്കാന്‍ കയ്യിലെടുക്കുന്ന ഫോണ്‍ ഏറെക്കഴിഞ്ഞു മാത്രം തിരിച്ചു താഴെവെക്കുന്ന ശീലമുള്ളവര്‍ അലാറം ക്ലോക്കിലേക്കു മാറുക.
രാവിലെ എണീറ്റ് ഉടനെ ഫോണുമായി ഇരിക്കാതിരിക്കുക. ഒരു മണിക്കൂർ കഴിഞ്ഞു മാത്രം ഫോൺ ഉപയോഗിക്കാവൂ എന്നൊരു തീരുമാനമെടുക്കുക.
സ്വയംമതിപ്പു നിലനിര്‍ത്താന്‍ ലൈക്കുകളെയും കമന്‍റുകളെയും മറ്റും മാത്രം ആശ്രയിക്കാതെ, മറ്റുള്ളവരുടെ പ്രശംസ മുഖത്തോടുമുഖം കിട്ടുന്ന സാഹചര്യങ്ങള്‍ സ്വജീവിതത്തില്‍ സൃഷ്ടിക്കാനും പരിശ്രമിക്കുക.
എന്ത് ആവശ്യമുണ്ടെങ്കിലും നെറ്റിൽ തപ്പുന്ന ശീലം നിർത്തുക, കൂട്ടുകാരോട് മാതാപിതാക്കളോട് ഒക്കെ ചോദിക്കാം. ഉദാഹരണത്തിന്, വഴി ചോദിക്കാന്‍ റോഡരികില്‍ ഉള്ളവരെയും ശാരീരിക വൈഷമ്യങ്ങളെക്കുറിച്ചു കൂടുതലറിയാന്‍ ഡോക്ടര്‍മാരെത്തന്നെയും സമീപിക്കാം.
ഇത്തരം നിയന്ത്രണങ്ങള്‍ ഒറ്റയ്ക്കു നടപ്പിലാക്കുക വിഷമകരമാണെങ്കില്‍ സമാന ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂട്ടുപിടിക്കുക. ഓരോ ദിവസത്തെയും പുരോഗതി പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുക.
ഫോണുപയോഗം നിയന്ത്രിക്കാന്‍ തീരുമാനിച്ചെന്ന് കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയുമൊക്കെ അറിയിക്കുന്നതും ഗുണകരമാകും.
മൊബൈൽ അഡിക്ഷൻ മാരകമാകുമ്പോൾ..?
കുട്ടികൾക്കു ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ തുടങ്ങിയ ഡിജിറ്റൽ വിനോദോപാധികൾ സ്വതന്ത്രമായി നൽകുന്നതിൽ സമൂഹം രണ്ടു തട്ടിലാണ്. ഇവയൊക്കെ കൊടുത്താൽ കുട്ടികൾ പിഴച്ചു പോകുമെന്നോ നശിച്ചു പോകുമെന്നോ ഒക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം. ഇന്നത്തെ കാലത്ത് ഇവയൊക്കെ കൈകാര്യം ചെയ്യാനറിയുന്ന കുട്ടികളാണ് സ്മാർടെന്നു കരുതി പ്രോൽസാഹിപ്പിക്കുന്ന മറുവിഭാഗം. ഇതിനിടയിൽ ഫെയ്സ്ബുക്കും വാട്സാപ്പും കാരണം ഫോൺ കയ്യിൽ നിന്നു താഴെ വയ്ക്കാൻ മടിക്കുന്ന വീട്ടിലെ മറ്റംഗങ്ങളുടെ സാന്നിധ്യം കുടിയാവുമ്പോൾ ഫാമിലി മൊത്തം ടെക്കിയായി.
ടെക്നോളജിയും ഡിജിറ്റൽ വിനോദങ്ങളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമൂഹത്തെ ശക്തമായി സ്വാധീനിക്കുന്ന ഇക്കാലത്ത് ഈ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നവർ ഡോക്ടർമാരാണെങ്കിൽ കൂടി പഴഞ്ചനാണെന്നു കരുതാനാണ് പലർക്കുമിഷ്ടം. കാരണം, കുട്ടികൾക്കെന്നതു പോലെ മുതിർന്നവർക്കും ഇവയൊന്നുമില്ലാതെ പറ്റില്ല.
കുട്ടികൾക്ക് ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ, ടിവി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് യുഎസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും ഗവേഷകരും സ്ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരുന്നത് കുറച്ചുനാളായി നമ്മൾ കേൾക്കാറുണ്ട്. എല്ലാ ഡിജിറ്റൽ സങ്കേതങ്ങളും ലഭ്യമായിട്ടുള്ള ഈ രാജ്യങ്ങളിൽ സ്ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചതിനു പിന്നിലുള്ള പ്രധാന കാരണം ഇവയുടെ തുടർച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തരഫലങ്ങളുമാണ്.
എന്നാൽ, അഡിക്ഷനെക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുട്ടികളിൽ സൃഷ്ടിക്കാൻ സ്ക്രീൻ ഉപയോഗത്തിനാവും എന്ന തിരിച്ചറിവ് കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിൽ കർശന നിയന്ത്രണവും ഒരു പ്രായം വരെ നിരോധനവും ഏർപ്പെടുത്താൻ അവരെ നിർബന്ധിതരാക്കിയിരിക്കുകയാണ്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്താം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ
ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് .
മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ ഫോണിന്റെ ഉപയോഗം പരിധിയിൽ കൂടുതൽ ആകുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു .
ഒരു മൊബൈൽ ഫോൺ ഉപഭോക്താവിന്റെ തലച്ചോറിലെ കോശങ്ങൾ മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന കാന്തിക തരംഗങ്ങൾ വലിച്ചെടുക്കുന്നത് ഉപയോഗിക്കുന്ന ഫോണിന്റെ സാങ്കേതിക വിദ്യ, ഉപഭോക്താവും ഫോണും തമ്മിലുള്ള ദൂരം , മൊബൈൽ ഫോൺ എത്ര നേരം തുടർച്ചയായി ഉപയോഗിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചു കൊണ്ടാണ് . ശാസ്ത്രജ്ഞർ പല രീതിയിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ തുടർച്ചയായിട്ടുള്ള മൊബൈൽ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെയും , ഉറക്കത്തെയും ഒക്കെ ബാധിക്കും എന്നാണ് പറയുന്നത് . മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന റേഡിയേഷൻ തലച്ചോറിന്റെ കോശങ്ങളിൽ ജനിതക മാറ്റം വരുത്താനും തന്മൂലം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം എന്നുവരെയാണ് പഠനങ്ങൾ പറയുന്നത് .മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത് കൂടുതൽ ദോഷകരമാകുന്നത് .കാരണം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയുടെ ഘട്ടത്തിൽ ഇത്തരത്തിലുള്ള റേഡിയേഷനുകൾക്ക് വിധേയമാക്കുമ്പോൾ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുന്നു .
മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നമ്മളിൽ പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു . കൂടുതൽ നേരം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ചിലർ അതിന് വല്ലാതെ അടിമപ്പെട്ടു പോകുകയും , ഒരു നിമിഷം പോലും മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടാകുന്നു . ജോലി സ്ഥലങ്ങളിലും , മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോഴും മറ്റും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്താറുണ്ട് . ഇത്തരം അവസ്ഥകളിൽ മൊബൈൽ ഫോണിന് അടിമപെട്ടവർക്കുണ്ടാകുന്ന മാനസികസമ്മർദ്ദം വളരെയധികം ആയിരിക്കും എന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്നു .
മൊബൈൽ ഫോൺ ഒരുപാടു നേരം ഉപയോഗിക്കുമ്പോൾ , ഭൂരിഭാഗം സമയവും നമ്മൾ കഴുത്തു കുമ്പിട്ടായിരിക്കും ഇരിക്കുക. ഇത് നമ്മുടെ കഴുത്തിന് വേദന ഉണ്ടാക്കുന്നു കൂടാതെ നിർത്താതെയുള്ള ഉപയോഗം വിരലുകൾക്ക് സമ്മർദ്ദം നൽകുകയും തന്മൂലം കൈകൾക്കും വിരലുകൾക്കും വേദന ഉണ്ടാകുകയും ചെയ്യുന്നു .
ഉറക്കമുണർന്നാൽ ആദ്യംചെയ്യുന്നത് മൊബൈൽ ഫോൺ എടുത്തു നോക്കുക എന്നുള്ളതാണ് പൊതുവെ എല്ലാവരുടെയും ശീലം . എന്നാൽ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് തുറക്കുന്ന കണ്ണുകൾക്ക് മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന വെളിച്ചത്തെ ഉൾകൊള്ളാൻ സാധിക്കില്ല . ഇത് ഒടുവിൽ നമ്മളെ കൊണ്ടെത്തിക്കുന്നത് കാഴ്ചക്കുറവിലേക്കാണ് .
അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ചിന്ത ശേഷിയെയും ബാധിക്കുകയും , ഉറക്കത്തെ ബാധിക്കുകയും , വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു .
മൊബൈൽ ഫോൺ നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ് . എന്നിരുന്നാലും നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണാർത്ഥം മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പരിധികൾ വെക്കാം . ആരോഗ്യമുള്ള ,ചിന്താശേഷി ഉള്ള ഭാവി തലമുറയ്‌ക്ക് വേണ്ടി കൈകോർക്കാം .
പൊതുവേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്പോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജ്ജിലായിരിക്കുമ്പോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്കണക്ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ഫോണ്‍ അധികസമയത്തേക്ക് ചാര്‍ജിലിടുന്നതും നല്ലതല്ല. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മൊബൈല്‍ ഫോണ്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നൊരു പ്രശ്നം ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഇത് ബാറ്ററിയുടെ പ്രശ്നമാണ് കാണിക്കുന്നത്, അതല്ലെങ്കില്‍ ഫോണിന് മറ്റെന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്നതിന്‍റെ സൂചനയുമാകാം. എന്തായാലും ഇങ്ങനെ ഫോണ്‍ ചൂടാകുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു കടയില്‍ കാണിച്ച് വേണ്ടവിധത്തില്‍ പരിഹരിക്കുകയോ ഫോണ്‍ മാറ്റുകയോ ചെയ്യുന്നതാണ് ഉചിതം.
ഫോണ്‍ ചാര്‍ജിലിട്ട് അത് കിടക്കുന്നതിന്‍റെ തൊട്ടടുത്തായി വയ്ക്കുന്നവര്‍ ഏറെയാണ്. ഇതിന് സൗകര്യപ്രദമായിട്ടുള്ള രീതിയിലായിരിക്കും സ്വിച്ച് ബോര്‍ഡ് ക്രമീകരിക്കുന്നതും. എന്നാല്‍ ഇങ്ങനെ കിടക്കാൻ നേരം തൊട്ടടുത്ത് ഫോണ്‍ ചാര്‍ജ്ജിലിട്ട് വയ്ക്കുന്ന രീതി ഒട്ടും നല്ലതല്ല. ഫോണ്‍ കിടക്കുന്നതിന് അകലെയായിട്ട് വേണം എപ്പോഴും സൂക്ഷിക്കാൻ.
ചെറിയ കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുത്ത് ദീര്‍ഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിലാണോ എന്ന് തുടങ്ങി സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം ഇടയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടാം. അതിനാല്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാതിരിക്കുക.