ബുദ്ധന്റെ കൈ

1190

പേരിൽ തന്നെ വ്യത്യസ്തമായ ഒരു നാരങ്ങ. ബുദ്ധന്റെ കൈ നാരങ്ങ(Buddha’s hand citron). നമ്മുടെ സാധാരണ നാരങ്ങയെ പോലെ വട്ടത്തിലുള്ളതല്ല ഈ നാരങ്ങ. കൈവിരലിന്റെ രൂപമാണ് ഈ നാരങ്ങയ്ക്ക്. അതു തന്നെയാണ് ഇതിന് ഇങ്ങനൊരു പേര് വന്നത്. വടക്ക് കിഴക്കൻ ഇന്ത്യയും ചൈനയുമാണ് ‘ബുദ്ധന്റെ കൈ നാരങ്ങ’യുടെ സ്വദേശം. സിട്രസ് കുടുംബത്തിലെ അംഗമായ ഈ പഴം ‘ബുദ്ധന്റെ വിരൽ’ (Buddha’s Finger) എന്ന് അറിയപ്പെടുന്നു.

നിത്യഹരിതമായ മരമാണിത്. 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുള്ള കുറ്റിച്ചെടി പോലെയാണ്. സുഗന്ധമുള്ള പൂക്കളും കട്ടിയുള്ള തൊലിയോടെയുള്ള നാരങ്ങയുമാണിതിന്. വിത്തുപയോഗിച്ചോ കട്ടിംഗിലൂടെയോ മരം വളർത്തിയെടുക്കാവുന്നതാണ്. നഴ്സറിയിൽ നിന്ന് തൈ വാങ്ങുന്നതാണ് കൂടുതൽ നല്ലത്.

ബുദ്ധന്റെ കൈ നാരങ്ങയുടെ പ്രത്യേകതകൾ

ആകൃതിയിലെ സവിശേഷത കാരണം ബുദ്ധന്റെ കൈ നാരങ്ങ മതപരമായ ചടങ്ങുകളിൽ
ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ചൈനയിൽ ബുദ്ധന്റെ കൈ നാരങ്ങ വിവിധ രോഗങ്ങൾ ചികിത്സിക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിനും അലങ്കാര ഫലമായുമൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്.

നീര് ഇല്ലാത്തതും കുരു ഇല്ലാത്തതുമായ ബുദ്ധന്റെ കൈ നാരങ്ങ സാധാരണ നാരങ്ങയിലുള്ളത് പോലെ കയ്പ് രുചിയുള്ളതാണ്. ഇതിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ സി, കാൽസ്യം, ഫൈബർ തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമുണ്ട്. ഇതിലുള്ള കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പഞ്ചസാര എന്നിവ ശരീരത്തിന് ഗുണം ചെയ്യും.
വർഷങ്ങളായി വേദനസംഹാരിയായും ഇത് ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഘടകവും ഇവയിലുണ്ട്. കൂടാതെ, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബുദ്ധന്റെ കൈ നാരങ്ങ മികച്ചതാണ്.

ശ്വാസനാളത്തിൽ നിന്ന് ചുമയും കഫവും നീക്കം ചെയ്യാനും ശ്വസനം സുഗമമാക്കുന്നതിനും ഇത് സഹായകരമാണ്. ഒരു പരിധിവരെ ആസ്ത്മയെ ചികിത്സിക്കാനും ഈ സവിശേഷമായ നാരങ്ങ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കോശങ്ങളെ മുറിവുകളിൽ നിന്നും പ്രതിരോധിക്കുന്നതിനും ബുദ്ധന്റെ കൈ നാരങ്ങ ഗുണം ചെയ്യും.