“ഇനി നമ്മുടെ നാട്ടിലും ഉള്ളി വളര്‍ത്താം”

95

കറികള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ചെറിയുള്ളി അല്ലെങ്കില്‍ ചുവന്നുള്ളി.ഇതിനു വലിയ വിലയാണ് എങ്കിലും കറികളില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉള്ളി.അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്താണ് നാം നമ്മുടെ ആവശ്യം നിറവേറ്റുന്നത്.അപ്പോള്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടിലും ഈ ഉള്ളി കൃഷി ചെയ്തുകൂടാ.നമ്മുടെ കാലാവസ്ഥയിലും ചുവന്ന ഉള്ളി നന്നായി വളരാനുള്ള സാഹചര്യം ആണ്.ഉള്ളി മാത്രമല്ല ഇതിന്‍റെ തണ്ടും ഭക്ഷ്യയോഗ്യമാണ്.

ഉള്ളി വളരുവാന്‍ സൂര്യപ്രകാശം പ്രധാനമാണ്.പെട്ടന്ന് ചീഞ്ഞു പോകും എന്നുള്ളതിനാല്‍ മഴയുള്ള സമയങ്ങളില്‍ കൃഷി ചെയരുത്.ഗ്രോ ബാഗിലോ,അല്ലെങ്കില്‍ പാടങ്ങളിലോ ,പറമ്പിലോ ഉള്ളി കൃഷി ചെയ്യാം.

കടയില്‍ നിന്ന് വാങ്ങുന്ന ഉള്ളികളില്‍ മുള വന്ന വലിയ ഉള്ളികള്‍ വിത്തിനായി തിരഞ്ഞെടുക്കാം.വേരുകള്‍ ഉള്ള ഈ ഉള്ളികള്‍ നാലോ അഞ്ചോ വീതം ഗ്രോ ബാഗില്‍ നടാം.അല്ല പറമ്പില്‍ ആണെങ്കില്‍ നിലം ഒരുക്കി വേണം കൃഷി ചെയ്യാന്‍.കാലിവളം,ചാരം,കോഴികാഷ്ടം എന്നിവ ഇട്ടു നല്‍കി മണ്ണ് കൂനകൂട്ടിയോ,വാരമുണ്ടാക്കിയോ നിലമൊരുക്കി വിത്തുകള്‍ നടാം.

മേല്‍മണ്ണ് അല്പം നീക്കി അധികം ആഴത്തില്‍ പോകാതെ വേണം വിത്ത് നടുവാന്‍.മണ്ണ് വളരെ കുറച്ചു മാത്രമേ ഈ കൃഷിക്ക് ആവശ്യമുള്ളു.രണ്ടു മൂന്നു ആഴ്ചക്കുള്ളില്‍ തൈകള്‍ വളരും വേണമെങ്കില്‍ ഇത് മാറ്റി നടാം.

ഒരുപാട് നന ആവശ്യമില്ലെങ്കിലും മണ്ണ് നനയുന്ന രീതിയില്‍ ദിവസും നനച്ചു കൊടുക്കുന്നത് കൂടുതല്‍ വിളവു ലഭിക്കുന്നതിനു നല്ലതാണ്.ചാണകപൊടി പോലുള്ള ജൈവ വളങ്ങള്‍ ഇട്ടു കൊടുക്കാം.രണ്ടര മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാം.

“വെള്ളത്തിലും വളരും ഉള്ളി”

കറിക്ക് എടുക്കുന്നതിലെ മുള വന്ന ഉള്ളികള്‍ ഉള്ളിയിലക്കായി വലിയ കുപ്പികളിലോ,പാത്രങ്ങളിലോ വെള്ളം നിറച്ചു ഉള്ളി മുഴുവനായോ അല്ലെങ്കില്‍ വേരുള്ള ഭാഗം മുറിച്ചോ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന രീതിയില്‍ വക്കാം.സൂര്യപ്രകാശം നന്നായി കിട്ടുന്നിടത് വച്ചാല്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ വേരും ഇലകളും വന്നു തുടങ്ങും.വെള്ളം കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കാം.ചെറിയ ഉള്ളി മാത്രമല്ല വലിയ ഉള്ളിയും വെളുത്തുള്ളിയും ഇങ്ങനെ നമുക്ക് നടാം.